പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല

ആരംഭ പ്രാർത്ഥന

അളവില്ലാത്ത സകല നന്മസ്വരൂപിയായ സർവ്വേശ്വരാ കർത്താവേ, നീചരും നന്ദിഹീനരും പാപികളുമായ അടിങ്ങൾ അറുതിയില്ലാത്ത മഹിമാപ്രതാപത്തോടുകൂടിയ നിൻ്റെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും നിൻ്റെ അളവില്ലാത്ത ദയയിൽ ശരണപ്പെട്ട്, പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിക്കായി ഈ പ്രാർത്ഥന ചൊല്ലുവാൻ ആഗ്രഹിക്കുന്നു. ഇത് ഭക്തിയോടെ ചൊല്ലി, അന്യചിന്തകൾ കൂടാതെ നിറവേറ്റുവാൻ, കർത്താവേ, സഹായം ചെയ്യണമേ.

അപ്പൊസ്തോലന്മാരുടെ വിശ്വാസപ്രമാണം

ആകാശവും ഭൂമിയും സൃഷ്ടിച്ച സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. തൻ്റെ ഏകപുത്രനായ നമ്മുടെ കർത്താവിശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യക മറിയാമ്മിൽനിന്ന് ജനിച്ചു, പൊന്തിയോസ് പീലാത്തോസിൻ്റെ ദിവസങ്ങളിൽ കഷ്ടതയനുഭവിച്ച്, ക്രൂശിക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളത്തിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്ത്, സ്വർഗ്ഗത്തിൽ കയറി സർവ്വശക്തനായ പിതാവിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നുവെന്നും അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും മരിച്ചവരുടെ ഉത്ഥാനത്തിലും നിത്യായുസ്സിലും ഞാൻ വിശ്വസിക്കുന്നു. ആമ്മീൻ. (1 സ്വർഗ്ഗ.)

പിതാവായ ദൈവത്തിൻ്റെ പുത്രിയായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായിത്തീരുവാൻ നിൻ്റെ തിരുക്കുമാരനോട് അപേക്ഷിക്കണമേ. (1 കൃപ നിറഞ്ഞ മറിയമേ.)
പുത്രനായ ദൈവത്തിൻ്റെ മാതാവായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യം വർദ്ധിക്കുവാൻ നിൻ്റെ തിരുക്കുമാരനോട് അപേക്ഷിക്കണമേ. (1 കൃപ നിറഞ്ഞ മറിയമേ.)
പരിശുദ്ധാത്മാവായ ദൈവത്തിന് എത്രയും പ്രിയമുള്ളവളായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യം പ്രബലപ്പെട്ടുവരുവാൻ നിൻ്റെ തിരുക്കുമാരനോട് അപേക്ഷിക്കണമേ. (1 കൃപ നിറഞ്ഞ മറിയമേ.) 1 ത്രി.)


സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ

(തിങ്കൾ, ശനി എന്നീ ദിവസങ്ങളിലും ആഗമനകാലം (25 നോമ്പ് തുടങ്ങുന്ന ആഴ്ചയുടെ ആരംഭം) മുതൽ 50 നോമ്പ് വരെ-യുള്ള ഞായറാഴ്ചകളിലും ചൊല്ലേണ്ടവ)

1-ാം ദിവ്യരഹസ്യം: മംഗളവാർത്ത
പരിശുദ്ധ കന്യകാമറിയമേ, ദൈവപുത്രൻ നിൻ്റെ തിരുവുദരത്തിൽ മനുഷ്യാവതാരം ചെയ്യുമെന്നു ഗബ്രിയേൽ മാലാഖാ ദൈവകല്പനയാൽ നിന്നെ അറിയിച്ചപ്പോൾ നിനക്കുണ്ടായ സന്തോഷത്തെ ഓർത്തും ധ്യാനിക്കുന്ന നിൻ്റെ മക്കളായ ഞങ്ങളുടെ ഹൃദയത്തിൽ, വരപ്രസാദം വഴിയായി ദൈവപുത്രൻ എപ്പോഴും വസിക്കുന്നതിന് ഇടവരുത്തണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

2-ാം ദിവ്യരഹസ്യം: മറിയം എലിസബത്തിനെ സന്ദർശിക്കുന്നു.
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ ഇളയമ്മയായ എലിശുബാ പുണ്യവതിയെ നീ സന്ദർശിച്ചപ്പോൾ ആ പുണ്യവതിക്കു സർവ്വേശ്വരൻ ചെയ്ത കരുണയെക്കണ്ട് നിനക്കുണ്ടായ അത്യന്തസന്തോഷത്തെ ഓർത്തും ധ്യാനിക്കുന്ന ഞങ്ങൾക്കു ലൗകികസന്തോഷങ്ങളെ ത്യജിച്ച് പരലോകസന്തോഷത്തെ ആഗ്രഹിച്ച് അന്വേഷിക്കുവാൻ അനുഗ്രഹം ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

3-ാം ദിവ്യരഹസ്യം: ഈശോയുടെ ജനനം
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ കന്യകത്വത്തിനു ഭംഗം വരാതെ ദൈവപുത്രനെ നീ പ്രസവിച്ചതിനാൽ നിനക്കുണ്ടായ സന്തോഷത്തെ ഓർത്തും ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിൽ അവിടുന്ന് ആദ്ധ്യാത്മികമായി ജനിക്കുവാൻ നീ ഇടയാക്കണമേ. (1 സ്വർഗ്ഗ. 10 കൃപ 1 ത്രി.)

4-ാം ദിവ്യരഹസ്യം: ഈശോയെ കാഴ്ച സമർപ്പിക്കുന്നു.
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ ദിവ്യപുത്രനെ ദൈവാലയത്തിൽ നീ കാഴ്ചവെച്ചപ്പോൾ മഹാത്മാക്കൾ അങ്ങേ സ്തുതിക്കുന്നതുകണ്ട് നിനക്കുണ്ടായ സന്തോഷത്തെ ഓർത്തും ധ്യാനിക്കുന്ന ഞങ്ങൾ, അങ്ങേക്കു യോഗ്യമായ ദൈവാലയമായിത്തീരുവാൻ സംഗതിയാക്കണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

5-ാം ദിവ്യരഹസ്യം: ഈശോ ദൈവാലയത്തിൽ
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ പന്ത്രണ്ടാമത്തെ വയസ്സിൽ കാണാതെപോയപ്പോൾ മൂന്നാംദിവസം ദൈവാലയത്തിൽ തർക്കിച്ചുകൊണ്ടിരിക്കെ അങ്ങേ നീ കണ്ടെത്തിയതിനാൽ നിനക്കുണ്ടായ സന്തോഷത്തെ ഓർത്തും ധ്യാനിക്കുന്ന ഞങ്ങൾ, പാപത്താൽ ഒരിക്കലും അങ്ങേ വിട്ടുപിരിയാതിരിക്കുവാനും വിട്ടുപിരിഞ്ഞുപോയാൽ ഉടനെ അനുതാപത്താൽ കണ്ടെത്തുവാൻ ഇടയാക്കണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)


പ്രകാശത്തിൻ്റെ രഹസ്യങ്ങൾ

(വ്യാഴം)

1-ാം ദിവ്യരഹസ്യം: ഈശോയുടെ മാമ്മോദീസ
നമ്മുടെ കർത്താവായ ഈശോമിശിഹാ യോർദ്ദാൻ നദിയിൽ മാമ്മോദീസ സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് അവിടുത്തെമേൽ എഴുന്നള്ളി വന്നതിനെയും “ഇവൻ എൻ്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് സ്വർഗ്ഗത്തിൽ നിന്ന് അരുളപ്പാടുണ്ടായതിനെയും കുറിച്ച് ധ്യാനിക്കുക. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

2-ാം ദിവ്യരഹസ്യം: കാനായിലെ അത്ഭുതം
നമ്മുടെ കർത്താവായ ഈശോമിശിഹാ കാനായിലെ കല്ല്യാണ വിരുന്നിൽവെച്ച് തൻ്റെ അമ്മയായ പരിശുദ്ധ കന്യകമറിയത്തിൻ്റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തൻ്റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് ധ്യാനിക്കുക. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

3-ാം ദിവ്യരഹസ്യം: ദൈവരാജ്യ പ്രഖ്യാപനം
നമ്മുടെ കർത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിൻ്റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവാൻ ആഹ്വാനം ചെയ്തതിനെക്കുറിച്ച് ധ്യാനിക്കുക. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി)

4-ാം ദിവ്യരഹസ്യം: ഈശോയുടെ രൂപാന്തരീകരണം
നമ്മുടെ കർത്താവായ ഈശോമിശിഹാ താബോർമലയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ രൂപാന്തരപ്പെട്ടതിനെയും “ഇവൻ എൻ്റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങൾ ശ്രദ്ധിക്കുവിൻ” എന്ന സ്വർഗ്ഗീയ അരുൾപ്പാട് ഉണ്ടായതിനെയും കുറിച്ച് ധ്യാനിക്കുക. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

5-ാം ദിവ്യരഹസ്യം: പരിശുദ്ധ കുർബ്ബാന സ്ഥാപനം
നമ്മുടെ കർത്താവായ ഈശോമിശിഹാ അന്ത്യ അത്താഴവേളയിൽ നമ്മോടുള്ള സ്നേഹത്തിൻ്റെ ഉടമ്പടിയായി തൻ്റെ ശരീരരക്തങ്ങൾ പങ്കുവെച്ച് നൽകുന്ന പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച് ധ്യാനിക്കുക. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)


ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ

(ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും, അമ്പത് നോമ്പിൻ്റെ ഞായറാഴ്ചകളിലും ചൊല്ലേണ്ടവ)

1-ാം ദിവ്യരഹസ്യം: ഈശോ ഗത്സെമെൻ തോട്ടത്തിൽ
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചപ്പോൾ രക്തം വിയർത്തു എന്നതിനെ ധ്യാനിക്കുന്ന ഞങ്ങൾ, പാപങ്ങളെപ്പറ്റി അനുതപിച്ച് മോചനം പ്രാപിക്കുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

2-ാം ദിവ്യരഹസ്യം: ഈശോയെ ചമ്മട്ടികൊണ്ട് അടിക്കുന്നു
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ കൽത്തൂണിൽ കെട്ടപ്പെട്ട് ചമ്മട്ടികളാൽ അടിക്കപ്പെട്ടതിനെ ഓർത്തും ധ്യാനിക്കുന്ന ഞങ്ങൾക്കു, ഞങ്ങളുടെ പാപങ്ങളാൽ നേരിടുന്ന കഠിന ശിക്ഷകളെ അനുതാപത്താലും, സുകൃത ജീവിതത്താലും അകറ്റുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

3-ാം ദിവ്യരഹസ്യം: ഈശോയെ മുൾമുടി ധരിപ്പിക്കുന്നു
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ്റെ തിരുത്തലയിൽ മുൾമുടി ധരിപ്പിച്ച് അങ്ങേ പരിഹാസ രാജാവാക്കിയതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിൽനിന്ന് പാപമുൾളുകളെ അനുതാപത്താൽ പിഴുതു കളയുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

4-ാം ദിവ്യരഹസ്യം: ഈശോ കുരിശ് ചുമക്കുന്നു
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ട് ഭാരമായ കുരിശും ചുമന്നുകൊണ്ട് ഗോകുൽത്താ മലയിലേക്കു പോയതിനെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾക്കു ദുഃഖാനർത്ഥമെന്ന കുരിശിനെ ക്ഷമാപൂർവ്വം വഹിച്ചുകൊണ്ട് അങ്ങേ അനുഗമിക്കുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

5-ാം ദിവ്യരഹസ്യം: ഈശോ കുരിശിൽ മരിക്കുന്നു
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ ഗോകുൽത്താമലയിൽ നിൻ്റെ സന്നിധിയിൽവെച്ച് ഇരുമ്പാണികളാൽ കുരിശിൽ തറയ്ക്കപ്പെട്ടതിനെ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിൽ, നിൻ്റെ ദിവ്യപുത്രൻ്റെ പീഡകളും നിൻ്റെ വ്യാകുലങ്ങളും നീ പതിച്ചരുളണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)


മഹത്വകരമായ ദിവ്യരഹസ്യങ്ങൾ

(ബുധൻ, ഞായർ)

1-ാം ദിവ്യരഹസ്യം: ഈശോ മരിച്ചവരിൽനിന്ന് ഉയിർക്കുന്നു
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ പീഡകൾ സഹിച്ച് മരിച്ച് മൂന്നാം ദിവസം എന്നേക്കും ജീവിക്കുന്നവനായി ഉത്ഥാനം ചെയ്തതിനെ ധ്യാനിക്കുന്ന ഞങ്ങൾക്കു പാപമരണത്തിൽനിന്ന് എന്നേക്കും ഉയിർത്തെഴുന്നേൽക്കുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

2-ാം ദിവ്യരഹസ്യം: ഈശോയുടെ സ്വർഗ്ഗാരോഹണം
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ ഉയിർത്ത് നാല്പതാം ദിവസം എത്രയും പ്രാബല്യമായി സ്വർഗ്ഗാരോഹണം ചെയ്തതിനെ ധ്യാനിക്കുന്ന ഞങ്ങൾ പരലോക കാര്യങ്ങൾ മാത്രം ആഗ്രഹിച്ച് അന്വേഷിച്ച്, സ്വർഗ്ഗഭാഗ്യം പ്രാപിക്കുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

3-ാം ദിവ്യരഹസ്യം: പരിശുദ്ധാത്മാവിൻ്റെ ആഗമനം
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളിയതിൻ്റെ പത്താംനാൾ സെഹിയോൻ മാളികയിൽ ധ്യാനിച്ചിരുന്ന നിന്നിലും ശിഷ്യന്മാരിലും പരിശുദ്ധാത്മാവ് ഇറങ്ങി ആവസിച്ചു എന്നതിനെ ധ്യാനിക്കുന്ന ഞങ്ങൾക്കു, പരിശുദ്ധാത്മാവിൻ്റെ വരപ്രസാദത്താൽ ദൈവ ഇഷ്ടപ്രകാരം ജീവിക്കുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

4-ാം ദിവ്യരഹസ്യം: മാതാവിൻ്റെ സ്വർഗ്ഗാരോപണം
പരിശുദ്ധ ദൈവമാതാവേ, നിൻ്റെ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളി കുറച്ചുകാലം കഴിഞ്ഞപ്പോൾ നീ ഈ ലോകത്തിൽനിന്ന് ദൈവദൂതന്മാരാൽ സ്വർഗ്ഗത്തിലേക്ക് ഏറ്റെ-ടുക്കപ്പെട്ടു എന്നതിനെ ധ്യാനിക്കുന്ന ഞങ്ങൾക്കു നിൻ്റെ സഹായത്താൽ സ്വർഗ്ഗത്തിൽ വന്നുചേരുവാൻ കൃപ ലഭിക്കുമാറാകണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)

5-ാം ദിവ്യരഹസ്യം: മാതാവ് ത്രിലോക രാജ്ഞിയായി മുടിധരിപ്പിക്കപ്പെടുന്നു.
പരിശുദ്ധ ദൈവമാതാവേ, നീ പരലോകത്തിൽ എഴുന്നള്ളിയ ഉടനെ നിൻ്റെ തിരുക്കുമാരൻ നിന്നെ ത്രിലോക രാജ്ഞിയായി മുടി ധരിപ്പിച്ചു എന്നതിനെ ധ്യാനിക്കുന്ന ഞങ്ങൾക്കു സ്വർഗ്ഗത്തിൽ നിന്നോടുകൂടെ സതതം ദൈവത്തെ സ്തുതിച്ചനുഭവിക്കുവാൻ ഇടവരുത്തണമേ. (1 സ്വർഗ്ഗ. 10 കൃപ. 1 ത്രി.)


സമർപ്പണം

മുഖ്യദൂതന്മാരായ വി. മിഖായേലേ, വി. ഗബ്രിയേലേ, വി. റപ്പായേലേ, ശ്ലീഹന്മാരായ മാർ പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർ തോമ്മാസേ, മഹാപാപികളായ ഞങ്ങൾ നിർവ്വഹിച്ച ഈ പ്രാർത്ഥനയെ നിങ്ങളുടെ സ്തുതികളോടുകൂടി ഒരുമിച്ച്, ചേർത്ത് പരിശുദ്ധ ദൈവമാതാവിൻ്റെ തൃപ്പാദത്തിങ്കൽ കാണിക്കയായി സമർപ്പിക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.


പരിശുദ്ധ ദൈവമാതാവിനോടുള്ള ലുത്തിനിയാ

കർത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കർത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

| സ്വർഗ്ഗസ്ഥ പിതാവായ ദൈവമേ! | ഞങ്ങളെ അനുഗ്രഹിക്കണമേ 
| ലോകരക്ഷിതാവായ ദൈവപുത്രാ! | ഞങ്ങളെ അനുഗ്രഹിക്കണമേ 
| പരിശുദ്ധാത്മാവായ ദൈവമേ! | ഞങ്ങളെ അനുഗ്രഹിക്കണമേ 
| ഏകദൈവമായ പരിശുദ്ധ ത്രിത്വമേ! | ഞങ്ങളെ അനുഗ്രഹിക്കണമേ 

| ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ |—|

| പരിശുദ്ധ മറിയമേ! |
| തമ്പുരാൻ്റെ പുണ്യജനനിയേ! |
| കന്യകകൾക്കു മകുടമാകുന്ന നിർമ്മല കന്യകേ! |
| മിശിഹായുടെ മാതാവേ! |
| വരപ്രസാദത്തിൻ്റെ മാതാവേ! |
| എത്രയും പരിശുദ്ധയായ മാതാവേ! |
| അത്യന്ത വിരക്തയായ മാതാവേ! |
| കന്യകത്വത്തിനു ഭംഗം വരാത്ത മാതാവേ! |
| സ്നേഹഭാജനമായ മാതാവേ! |
| അത്ഭുതത്തിനു വിഷയമായ മാതാവേ! |
| സദുപദേശത്തിൻ്റെ മാതാവേ! |
| സൃഷ്ടാവിൻ്റെ മാതാവേ! |
| രക്ഷിതാവിൻ്റെ മാതാവേ! |
| തിരുസ്സഭയുടെ മാതാവേ! |
| എത്രയും വിവേകമുള്ള കന്യകേ! |
| അതീവ സ്തുതിക്കു യോഗ്യയായ കന്യകേ! |
| വല്ലഭയായ കന്യകേ! |
| കരുണയുള്ള കന്യകേ! |
| വിശ്വസ്തയായ കന്യകേ! |
| നീതിയുടെ ദർപ്പണമേ! |
| ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ! |
| ഞങ്ങളുടെ ആനന്ദത്തിൻ്റെ കാരണമേ! |
| ആദ്ധ്യാത്മിക പാത്രമേ! |
| ബഹുമാനത്തിൻ്റെ പാത്രമേ! |
| അസാമാന്യഭക്തിയുടെ പാത്രമേ! |
| ദിവ്യരഹസ്യം നിറഞ്ഞ പനിനീർ പുഷ്പമേ! |
| ദാവീദിൻ്റെ കോട്ടയേ! |
| നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ! |
| സ്വർണ്ണാലയമേ! |
| വാഗ്ദാനത്തിൻ്റെ പേടകമേ! |
| സ്വർഗ്ഗരാജ്യത്തിൻ്റെ വാതിലേ! |
| ഉദയകാലത്തിലെ നക്ഷത്രമേ! |
| രോഗികളുടെ സ്വസ്ഥതേ! |
| പാപികളുടെ സങ്കേതമേ! |
| ദുഃഖിതരുടെ ആശ്വാസമേ! |
| ക്രിസ്ത്യാനികളുടെ സഹായമേ! |
| മാലാഖമാരുടെ രാജ്ഞി! |
| പൂർവ്വപിതാക്കന്മാരുടെ രാജ്ഞി! |
| ദീർഘദർശികളുടെ രാജ്ഞി! |
| ശ്ലീഹന്മാരുടെ രാജ്ഞി! |
| മൗദിയാനന്മാരുടേയും രാജ്ഞി! |
| കന്യകകളുടെ രാജ്ഞി! |
| സകല വിശുദ്ധന്മാരുടേയും രാജ്ഞി! |
| സ്വർഗ്ഗാരോപിതയായ രാജ്ഞി! |
| പരിശുദ്ധ ജപമാലയുടെ രാജ്ഞി! |
| സമാധാനത്തിൻ്റെ രാജ്ഞി! |

ഭൂലോക പാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടായ ഈശോതമ്പുരാനേ!
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ഭൂലോക പാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടായ ഈശോതമ്പുരാനേ!
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭൂലോക പാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടായ ഈശോതമ്പുരാനേ!
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഇതാ നിൻ്റെ പക്കൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ യാചനകൾ നീ നിരസിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകയേ, സകല ആപത്തുകളിൽനിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മീൻ 

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,.
സർവ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണഹൃദയത്തോടുകൂടി സാഷ്ടാംഗപ്രണാമം ചെയ്യുന്ന ഞങ്ങളെ (ഈ കുടുംബത്തെ) കടാക്ഷിച്ച് നിത്യവും കന്യകയായിരിക്കുന്ന മർത്തമറിയാമിൻ്റെ അപേക്ഷയാൽ സകല ശത്രുക്കളുടെ ഉപദ്രവത്തിൽനിന്നും സംരക്ഷിച്ചുകൊള്ളണമേ. ആമ്മീൻ.

സ്വർഗ്ഗരാജ്ഞി, കരുണയുടെ മാതാവേ, നിനക്കു സ്വസ്തി, ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, നിനക്കു സ്വസ്തി. പ്രവാസികളും ഹവ്വായുടെ മക്കളുമായ ഞങ്ങൾ കണ്ണുനീരിൻ്റെ താഴ്‌വരയായ ഈ ലോകത്തിൽനിന്നു നിന്നെ വിളിക്കുന്നു. കരഞ്ഞു പ്രലപിച്ചുകൊണ്ട് നിൻ്റെ പക്കൽ ദീർഘനിശ്വാസം ചെയ്യുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥയായ അമ്മേ, നിൻ്റെ കരുണയുള്ള തൃക്കണ്ണുകളെ ഞങ്ങളുടെ നേരെ തിരിക്കണമേ.
ഹാ കൃപയും, സ്നേഹവും, മാധുര്യവും നിറഞ്ഞ കന്യക മറിയമേ, നിൻ്റെ തിരുവുദരത്തിൻ്റെ അനുഗ്രഹീതഫലമായ ഈശോമിശിഹായെ ഈ പ്രവാസജീവിതത്തിൻ്റെ ശേഷം ഞങ്ങൾക്കു നീ കാണിക്കണമേ. ആമ്മീൻ.

നമുക്കു പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയാമിൻ്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹത്താൽ നിൻ്റെ ദിവ്യപുത്രനു യോഗ്യമായ ആലയമായിരിക്കുവാൻ പൂർവ്വികമായി നീ നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിൽ സന്തോഷിക്കുന്ന ഞങ്ങൾ ഇവളുടെ അനുഗ്രഹദായകമായ അപേക്ഷയാൽ ഈ ലോകത്തിലെ സകല ആപത്തുകളിൽനിന്നും നിത്യമരണത്തിൽനിന്നും രക്ഷ പ്രാപിക്കുവാൻ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായെ-പ്രതി ഞങ്ങൾക്കു തന്നരുളണമേ. ആമ്മീൻ.

“എത്രയും ദയയുള്ള മാതാവേ” എന്ന പ്രാർത്ഥന
എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടിവന്ന്, നിൻ്റെ സഹായം അപേക്ഷിച്ച് നിൻ്റെ മാദ്ധ്യസ്ഥം യാചിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ലെന്ന് ഓർക്കണമേ. കന്യകകളുടെ രാജ്ഞി, ദയയുള്ള മാതാവേ, ഇപ്രകാരമുള്ള വിശ്വാസത്താൽ ധൈര്യം പ്രാപിച്ച് നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അടുത്തുവരുന്നു. പാപിയായ ഞാൻ നെടുവീർപ്പോടും കണ്ണുനീരോടും നിൻ്റെ ദയാധിക്യത്തെ പ്രതീക്ഷിച്ച്കൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ, എൻ്റെ അപേക്ഷയെ നിരാകരിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മീൻ.

error: